മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ കോട്ടക് മഹീന്ദ്ര ബാങ്ക് പ്രമുഖ ജർമൻ ധനകാര്യ സ്ഥാപനമായ ഡോയ്ഷെ ബാങ്കിന്റെ ഇന്ത്യയിലെ റീട്ടെയ്ൽ, പ്രൈവറ്റ് ബാങ്കിംഗ്, വെൽത്ത് മാനേജ്മെന്റ് ബിസിനസുകൾ ഏറ്റെടുക്കുന്നു. ഇതുസംബന്ധിച്ച അന്തിമ കരാറിൽ ഇരു ബാങ്കുകളും കഴിഞ്ഞദിവസം ഒപ്പുവച്ചു. എന്നാൽ ഇടപാട് തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല.
ഇടപാടിന്റെ ഭാഗമായി ഏകദേശം 29,000 കോടി രൂപയുടെ വായ്പകളും 16,000 കോടി രൂപയുടെ നിക്ഷേപങ്ങളും 10,500 കോടി രൂപയുടെ മാനേജ്മെന്റിലുള്ള ആസ്തികളും കോട്ടക് മഹീന്ദ്ര ബാങ്കിലേക്ക് കൈമാറ്റം ചെയ്യപ്പെടും.
ഇന്ത്യയിലെ റീട്ടെയിൽ ബിസിനസ് രംഗത്തുനിന്ന് ഭാഗികമായി പിൻവാങ്ങുന്ന ആഗോള ബാങ്കുകളുടെ പട്ടികയിലേക്കാണ് ഡോയ്ഷെ ബാങ്കും ഇപ്പോൾ എത്തിയിരിക്കുന്നത്. നിലവിൽ മൂന്ന് ബിസിനസ് വിഭാഗങ്ങളിലായി 1,000 ജീവനക്കാരുടെ സഹായത്തോടെ ഏകദേശം 1.5 ലക്ഷം ഉപഭോക്താക്കൾക്കാണ് ഡോയ്ഷെ ബാങ്ക് ഇന്ത്യയിൽ സേവനം നൽകുന്നത്.
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ നിയന്ത്രണ ഏജൻസികളുടെ അനുമതിക്കു വിധേയമായി അടുത്ത വർഷം സെപ്റ്റംബറോടെ ഏറ്റെടുക്കൽ പ്രക്രിയകൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.